Monday, 22 October 2012

ഉറുമ്പുകള്‍




എത്ര ബുദ്ധിമുട്ടിയാണീ ഉറുമ്പുകള്‍ ഈ ലഡ്ഡു കഷണം ചുമന്നു കൊണ്ട് പോവുന്നത്. ഇവറ്റകള്‍ക്ക് ഇത് കഴിച്ചിട്ട് പോയാല്‍ പോരെ. എന്തിനാ ചുമന്നു കൊണ്ട് പോവുന്നെ. 

എവിടെയാണിതൊക്കെ കൊണ്ട് പോവുന്നത്. കൂട്ടില്‍ കൊണ്ട് വയ്ക്കാനാണോ? 
അല്ലെങ്കില്‍ തന്നെ ഇങ്ങനെ വരിയായി പോവുന്നത് എന്തിനാ? ഒരായിരം ചോദ്യങ്ങള്‍ മനസ്സില്‍ പെയ്തിറങ്ങുന്നു.


ഇവിടെ ഇങ്ങനെ ഈ ഉറുമ്പുകളെ നോക്കിയിരികുമ്പോ സമയം പോവുന്നത് അറിയുന്നില്ല. 
ഇവരുടെ വീട്ടില്‍ ഒരു റാണി ഉറുമ്പ് മാത്രമേ ഉള്ളു എന്ന് കേട്ടിട്ടുണ്ട്. അപ്പൊ ബാക്കി പെണ്‍ ഉറുമ്പുകള്‍ എവിടെ പോവും? ഈ ആണുങ്ങള്‍ തമ്മില്‍ അടിയൊന്നും ഇല്ലേ. 
ആരാ ഇവരെയൊക്കെ ഈ ഡിസ്സിപ്ലിന്‍ പഠിപ്പിച്ചേ?


ചെറുതിലെ ഞാനെന്തിനാ ഈ പാവങ്ങളെ തീ വച്ച് കൊന്നത്. പണ്ടൊരു മുനി വയസു കാലത്ത് മരിച്ചപ്പോ നരകത്തില്‍ എത്തിയത്രെ. എന്തിനാ തപസു ചെയ്തു കഴിഞ്ഞ എന്നെ ഇവിടെ കൊണ്ട് വന്നതെന്ന് ചോദിച്ചപ്പോ, ചെറുതിലെ ഉറുമ്പുകളെ തീ വച്ച് കൊന്ന പാപത്തിനു ശിക്ഷ എന്ന് പറഞ്ഞത്രേ. എന്‍റെ ദൈവമേ, ശരിയായിരികുമോ? ഇവറ്റകള്‍ എന്നെ കടിച്ചിരുന്നില്ലല്ലോ?


എങ്ങനെയാ ഇവര്‍ക്കിങ്ങനെ വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ കഴിയുന്നത്‌? ഇത്രയും  അധ്വാനിക്കുന്ന, അച്ചടക്കമുള്ള ഒരു സമൂഹത്തെ എന്തിനാ ഞാന്‍ വെറുതെ ഉപദ്രവിച്ചേ? ഇതൊക്കെ കണ്ടുള്ള മനുഷ്യ സഹജമായ അസൂയ കൊണ്ടോ? ആവണം.


ഉറുമ്പുകളെ, നിങ്ങളില്‍ നിന്നും ഞങ്ങള്‍ ധാരാളം പഠിക്കാനുണ്ട്. 

ആനകളെ പോലും നിയന്ത്രിക്കുന്ന, ബഹിരാകാശത്ത് സമയത്തെ വെല്ലു വിളിച്ച സ്പീഡില്‍ പറക്കുന്ന, അണ്വായുധങ്ങള്‍ പോലും നിര്‍മ്മിക്കുന്ന ഞങ്ങള്‍ക്ക് നിങ്ങളുടെ ഈ ഗുണങ്ങളൊന്നും ഇനിയും പഠിക്കാന്‍ ആയില്ലല്ലോ.


പൊയ്കോളൂ വരിയായി... ഞാനിനി ഉപദ്രവിക്കില്ല. ഞങ്ങള്‍ നിങ്ങളെക്കാള്‍ ചെറിയ ജീവികള്‍ തന്നെ, അച്ചടക്കത്തില്‍ , അധ്വാനത്തില്‍ ,  ആശംസകള്‍ .......

----------*--------


ദൈവത്തിന്‍ സ്വന്തം നാട് ..


ദൈവത്തിന്‍ സ്വന്തം നാട് .. 



ദൈവത്തിന്‍ സ്വന്തം നാടാണിത്..

ജലസമൃദ്ധമാണീ മണ്ണ്‌ 
എങ്ങും എന്നും ഹരിത മയമീ മണ്ണ്‌ 
സാക്ഷര  സമ്പന്നം ഈ മണ്ണ് 
ദൈവത്തിന്‍, സ്വന്തം നാടാണിത്..

സോഷ്യലിസവും സ്വാതന്ത്ര്യവും 
അവകാശബോധവും സമരവീര്യവും 
രാഷ്ട്രീയബോധവും മതേതരത്വവും 
ഇവിടെകഴിഞ്ഞേ മറ്റെങ്ങുമുള്ളു 
ദൈവത്തിന്‍, സ്വന്തം നാടാണിത്..

നമ്മോളം മാധ്യമ സ്വീകാര്യമാര്‍ക്കുമില്ലാ 
ഇത്രമേല്‍ നര്‍മ ബോധ്മാര്‍ക്കുമില്ല 
ആസ്വാദന മികവാര്‍ക്കുമില്ല 
വിമര്‍ശന ബുദ്ധിയാര്‍ക്കുമില്ല 
ദൈവത്തിന്‍, സ്വന്തം നാടാണിത്..

അന്നാദ്യമായി മറുനാട്ടില്‍ 
പ്രവസിക്കൂട്ടത്തില്‍ ചേരുമ്പോള്‍ 
ഭൂമി മലയാളത്തെ പറയുവാന്‍ 
നൂറു നാവായിരുന്നെനിക്ക് 
ദൈവത്തിന്‍, സ്വന്തം നാടല്ലെ അത് ..

ആ സുന്ദര ഭുമിയെന്‍ 
സംസ്കാര പെരുമയല്ലെ 
ഞാനുമതിന്‍ ഭാഗമല്ലേ 
അഭിമാന പൂരിതമായന്തരംഗം 
ദൈവത്തിന്‍, സ്വന്തം നാടല്ലെ അത് ..

...............
കാലമേറെ ചെന്നപ്പോള്‍ 
യാത്രകളേറെ കഴിഞ്ഞപ്പോള്‍ 
ഇടങ്ങളേറെ കണ്ടപ്പോള്‍ 
മറ്റു സംസ്കാരങ്ങളെ അറിയുമ്പോള്‍ 
മനസ്സ് ചോദിക്കുന്നു...
ശരിക്കും, നമ്മുടേത്‌ ദൈവത്തിന്‍ സ്വന്തം നാടോ?

ദൂരദേശ വാസവും പ്രവാസി ചര്‍ച്ചകളും 
ഓണ്‍ലൈന്‍ പത്രങ്ങളും നേര്‍ക്കാഴ്ചകളും 
നല്കിയതാവാം ഈ ഉള്‍ക്കാഴ്ച..
കാഴ്ചപാടുകള്‍ മാറുന്നല്ലോ ദൈവമേ 
ശരിക്കും, നമ്മുടേത്‌ ദൈവത്തിന്‍ സ്വന്തം നാടോ?


നാട്ടിലെ  ഗുരുജനങ്ങളും പാഠപുസ്തകങ്ങളും 
സാംസ്‌കാരിക നായകരും നേതാക്കളും 
പറഞ്ഞു പോലിപ്പിച്ചതല്ലെയിത് ..
എന്റേത് കൂപ മണ്ടുകത്തിന്‍ തോന്നല്ലലെ 
ശരിക്കും, നമ്മുടേത്‌ ദൈവത്തിന്‍ സ്വന്തം നാടോ?

ജാതിക്കൊമരങ്ങളും മതമേധാവികളും 
നിറഞ്ഞാടുന്ന അമിതരാഷ്ട്രീയവും 
എന്നും നിറഞ്ഞു നില്‍ക്കുന്ന പീഡന കഥകളും 
അര്‍ത്ഥമില്ലാത്ത, അന്തമില്ലാത്ത വിവാദങ്ങളും 
അതേ, ഇവിടെ കഴിഞ്ഞേ മറ്റെങ്ങു മുള്ളു 
ദൈവത്തിന്‍ സ്വന്തം നാടോ അത്? 

അച്ഛന്മാര്‍ക്ക് ഉറങ്ങാന്‍ കഴിയില്ലവിടെ 
പെണ്‍ മക്കളുണ്ട് വീട്ടില്‍ 
അമ്മ മാര്‍ക്കില്ല മനസമാധാനം 
രാവേറെയായി, മകനെത്തിയില്ലാ  ഇനിയും 
ദൈവത്തിന്‍ സ്വന്തം നാടോ അത്? 

കര്‍ത്തവ്യബോധം ലവലേശമില്ലാ 
മദ്യപാനത്തില്‍ നമ്മുടെ മുന്നിലാരുമില്ലാ 
ക്വട്ടേഷന്‍ ടീമുകള്‍ ഫാഷനല്ലെ 
ആത്മഹത്യകള്‍ നമുക്കൊരു വാര്‍ത്തയല്ല 
ദൈവത്തിന്‍ സ്വന്തം നാടോ അത്? 

നല്ല റോഡില്ല, കര്‍ഷകര്‍ പേരിനു മാത്രമല്ലെ 
വ്യവസായികള്‍ക്ക് പഥ്യമാണീയിടം 
നിത്യവൃത്തിക്കായി പ്രവാസിയായിടേണം 
ദൈവത്തിന്‍ സ്വന്തം നാടോ അത്? 

ദൈവമുറങ്ങിയോ, സ്വന്തം നാട്ടില്‍ 
പരിഹാരമില്ലാഞ്ഞിട്ടോ കേള്‍ക്കാഞ്ഞിട്ടോ 
അതോ അനുഭവിച്ച്  പഠിക്കാനോ 
ശരിയാകാന്‍ ഒരവസരം തരുകയില്ലെ 

ഉണരൂ കൂട്ടരെ, മലയാളികളെ 
അടിമയാകണ്ടാ  മദ്യ മദിരാക്ഷിക്ക് 
വേണ്ടാ നമുക്കനാവശ്യ  വിവാദങ്ങള്‍ 
കിണറിനു പുറത്തു കടക്കാം നമുക്ക് 
സ്വയം വിമര്‍ശനം ഒരു തുടക്കമല്ലെ 
അധ്വാനിക്കാം, മാവേലി നാടായി മാറിടെണ്ടെ 
പെരിതന്വാര്‍ത്ഥമാക്കിടെണ്ടെ 
ദൈവത്തിന്‍, സ്വന്തം നാടാണിത്..